Wednesday, October 7, 2009

കണ്ണിനു മുന്നില്‍

ചില സംഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട്‌ മാറ്റം വരുത്താറുണ്ട്. ഇഷ്ടപെടില്ല എന്ന് മനസ്സില്‍ വിചാരിക്കുന്ന പലതും ഇഷ്ടപ്പെടെണ്ടി വരാറുണ്ട്... ചിലപ്പോള്‍ വായിച്ചു തീരുമ്പോള്‍ ഇതില്‍ ഒന്നുമില്ല എന്ന് തോന്നിയേക്കാം.....എങ്കിലും....!!!

തികച്ചും പേര്‍സണല്‍ ആയ ഒരു കാര്യത്തിനായിരുന്നു അന്ന് ഞാന്‍ കണ്ണൂര്‍ വരെ പോയത്‌. അതുകൊണ്ട് തന്നെ ഞാന്‍ മനസ്സ് അസ്വസ്ഥമായിരുന്നു. ട്രെയിനില്‍ കയറിയപ്പോള്‍ എന്റെ കൂടെ ആരും ഇല്ലായിരുന്നു.....കുറച്ച കഴിഞ്ഞപ്പോള്‍ ഒരു 50-55 വയസ്സ് തോന്നിക്കുന്ന ഒരു അമ്മ എന്റടുത്തു വന്നിരുന്നു...സത്യം പറയാമല്ലോ എനിക്കത്‌ തീരെ ഇഷ്ടപെട്ടില്ല.... കാരണം എന്റെ എതിര്‍ വശത്തും , സൈഡിലും ഉള്ള സീറ്റ്‌ കാലിയായിരുന്നു....മനസ്സില്‍ വിചാരിച്ചു ഇവര്‍ക്ക്‌ അവിടെ എവിടേലും ഇരിക്കമായിരുന്നില്ലേ എന്ന്...ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആ അമ്മ എന്നോട് "എങ്ങോട്ടാ" എന്ന് ചോദിച്ചു ..."കണ്ണൂര്‍ " എന്ന് ഒറ്റ വാക്കില്‍ ഞാനതിനു മറുപടി കൊടുത്തു.....പിന്നെ ഒന്നും സംസാരിക്കാന്‍ നിന്നില്ല...........

( ട്രെയിന്‍ യാത്ര എനിക്ക് ഇപ്പോള്‍ ഒരു ഹരമാണ്..... ആരോടും ഒന്നും മിണ്ടിയില്ലെങ്കിലും കൂടെ ഇരിക്കുന്ന ഓരോരുത്തരെയും നോക്കിയിരിക്കാന്‍ ഒരു രസമാണ്. ആദ്യമായി ഞാന്‍ ട്രെയിന്‍ കയറിയത്‌ ൫ത് പഠിക്കുമ്പോഴാണ്.... സ്കൂളില്‍ നിന്നും ടൂര്‍ വന്നതായിരുന്നു.... ട്രെയിന്‍ കയറിയത്‌ മാത്രമേ എനിക്ക് ഓര്‍മയുള്ളൂ.... ഉറങ്ങിപ്പോയി....പഠിക്കുമ്പോഴും ട്രെയിന്‍ യാത്ര ആവശ്യമായിരുന്നില്ല.... ചെന്നൈയില്‍ ജോലി കിട്ടിയപ്പോഴാണ് ട്രെയിന്‍ യാത്ര ജീവിതത്തിന്റെ ഒരു ഭാഗം ആയി തീരുന്നത്....അതില്‍ നിന്നെ ഒരുപാട്‌ തവണ ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട് ഓരോ യാത്രയും രസകരമായിരുന്നു...ടിക്കറ്റ്‌ ഇല്ലാതെ ചെയ്ത യാത്ര ആയിരുന്നു അതില്‍ ഏറ്റവും രസകരം....പലപ്പോഴും പലതും കണ്ടു പഠിച്ചിട്ടുണ്ട്.....പല ആളുകള്‍ , അവരുടെ സംസാരങ്ങള്‍ ...ഒക്കെ ......)

കുറച്ച കഴിഞ്ഞപ്പോള്‍ ആ അമ്മ എന്നോട് ഓരോ കാര്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി...ഒന്നും വിട്ടു പറയാതെ ഞാന്‍ ഇരുന്നു.... കുറച്ച കഴിഞ്ഞപ്പോള്‍ അവര്‍ അവരുടെ കഥ പറയാന്‍ തുടങ്ങി....... കഥ അല്ല അവരുടെ ജീവിതം.... കേട്ടപ്പോള്‍ ഞാന്‍ ആകെ ഇല്ലാതായി തീര്‍ന്നു.....എന്റെ അമ്മ പറയുന്നത് പോലെ തോന്നി..... അവര്‍ പറഞ്ഞത് ഞങ്ങളുടെ ജീവിതം ആയിരുന്നു.... ട്രെയിന്‍ കയറിയപ്പോള്‍ മനസ്സിനുണ്ടായിരുന്ന ഭാരം കുറയുകയാണോ കൂടുകയാണോ ചെയ്തതെന്ന് അറിയില്ല.... അവര്‍ യാത്ര പറഞ്ഞു ഷോര്‍നുര്‍ ഇറങ്ങിപ്പോയി..... അവര്‍ അടുത്ത് വന്നിരുന്നപ്പോള്‍ ഉണ്ടായ ദേഷ്യം അലിഞ്ഞു ഇല്ലാതായി തീര്‍ന്നിരുന്നു ...എന്തോ എനിക്കവരോട് കൂടുതല്‍ അടുപ്പം തോന്നി......ഇനിയും ആ മുഖം കാണണമെന്നു ഞാന്‍ ആശിച്ചു പോയി............

വീണ്ടും അതെ ട്രെയിനില്‍ ഞാന്‍ പോയത്‌ ലാസ്റ്റ് വീക്ക്‌ ആയിരുന്നു.... ബുധനാഴ്ചവരെ കൂടെ ഉണ്ടായിരുന്ന എന്തോ ഒന്ന് ഇല്ലാതായിരുന്നു എന്റെ ദിവസങ്ങളില്‍ നിന്നും....

ആരും വിളിക്കാതെ ഇരിക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നു...... ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ ഒരു ഉമ്മയും, മകനും ട്രെയിനില്‍ കയറി.... ഒരു 14-16 വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍.... ലേഡീസ്‌ മാത്രം കയറേണ്ട ബോഗിയില്‍ അവനെയും കൊണ്ട കയറിയപ്പോള്‍ ഞാന്‍ ആ സ്ത്രീയെ കുറച്ച കടുപ്പിച്ചു തന്നെ നോക്കിയിരുന്നു....

കുറച്ച കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി...... 14-16 വയസ്സ് തോന്നിക്കുമെങ്കിലും ഒരു 2-3 വയസ്സ് മാത്രം മനസ്സിന് പാകതയുള്ള ഒരു കുട്ടി. ആ കുട്ടിയെയും കൂട്ടി ആ ഉമ്മ പിന്നെ എങ്ങോട്ട് പോകാനാണ്.... പിന്നെ അവരെ തന്നെ ആയിരുന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നത്..ഷോര്‍നുര്‍ എത്തിയപ്പോള്‍ പഴംപൊരി വേണമെന്ന് ആ കുട്ടി ശാഠ്യം പിടിച്ചു.... കോഴിക്കോട്‌ എത്തിയിട്ട് വാങ്ങിത്തരാമെന്നു ആ ഉമ്മ അവനോടു പറഞ്ഞു..... പിന്നെയും കുറേനേരം ശാഠ്യം പിടിച്ചെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു ആ കുട്ടി.....

കുറെ നേരം പിന്നെയും ഞാന്‍ അവനെ തന്നെ നോക്കിയിരുന്നു..... ആ ഉമ്മയെ കുറിച്ചോര്‍ത്തു,.... അവരുടെ വിഷമം, സങ്കടം... ആ കുട്ടി ജനിച്ചതില്‍ പിന്നെ അവര്‍ക്ക്‌ അനുഭവിക്കേണ്ടിവന്ന വേദനകള്‍..... ഇതുപോലെ പല സ്ഥലത്തും അവര്‍ക്ക്‌ നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ ഒക്കെ.....

പലതിനെയും കുറിച്ചോര്‍ത്ത്‌ സങ്കടപെടാരുണ്ട് പലപ്പോഴും ...പക്ഷെ അതൊക്കെ കുറച്ച കാലത്തേക്ക്‌ മാത്രം ഉള്ളതായിരിക്കും......ശ്രമിച്ചാല്‍ എനിക്ക് മറക്കാന്‍ സാധിക്കുന്നതായിരിക്കും.... ജീവിതകാലം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന, കണ്ണിനു മുന്നില്‍ ജീവിക്കുന്ന സങ്കടങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം......

പുതിയൊരു പാഠം ആയിരുന്നു ഞാന്‍ അന്നത്തെ യാത്രയില്‍ നിന്ന് പഠിച്ചത്‌.... ജീവിക്കുന്ന കാലം സന്തോഷത്തോടെ ആരെയും സങ്കടപെടുത്താതെ ജീവിക്കണമെന്ന്.

കോഴിക്കോട്‌ എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി പോന്നു... ആ ഉമ്മ പഴംപൊരി വാങ്ങി കൊടുത്തോ എന്ന് എനിക്കറിയില്ല.... ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി. അപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു..."ഇപ്പോഴുള്ള ഈ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കണേ ദൈവമേ" എന്ന്.

Friday, April 3, 2009

ശൂന്യത.........!!!

താഴെ കുത്തിക്കുറിച്ചിരിക്കുന്നത് ഞാന്‍ +2 കഴിഞ്ഞപ്പോള്‍ എഴുതിയതാണ് ....
എന്റെ കൂട്ടുകാരിയ്ക്ക് വേണ്ടി, ചിഞ്ചുവിനു വേണ്ടി ഞാനിത് സമര്‍പ്പിക്കട്ടെ .......!!!


കണ്ണില്‍ നിന്നും മറയുന്നതുവരെ അവളാ രൂപം നോക്കി നിന്നു....
ഒരിറ്റു കണ്ണീര്‍ ആ കവിളില്‍ കൂടി ഒലിചിറങ്ങിയോ ....? എന്തോ അവള്‍ക്കത് അറിയാന്‍ സാധിച്ചില്ല്ല .എങ്കിലും കണ്ണീരിനു ഉപ്പുരസമായിരുന്നുവെന്നു അവളറിഞ്ഞു .... വേര്‍പാട് ഒരുപാടൊരുപാട് കഠിനമെന്ന് അവളാദ്യമായി അറിഞ്ഞ നിമിഷം .....!എന്തിനാണവള്‍ വിതുമ്പിയത് .....? നഷ്ടബോധത്തിന്റെ തീരാവേദന മൂലമോ ....??

വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത് , അറിയുന്നു പോലുമില്ല ....നിമിഷങ്ങള്‍ എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ ആകുന്നത് ? ഒരുത്തരം കിട്ടുന്നില്ല .കടന്നുപോയ , കൊഴിഞ്ഞുപോയ നിമിഷങ്ങള്‍ക്കും , ദിനങ്ങള്‍ക്കും , വര്‍ഷങ്ങള്‍ക്കും ഇത്രമാത്രം മൂല്യമുണ്ടായിരുന്നുവോ ?-----------------------ചിരിച്ചും , കളിച്ചും , പിണങ്ങിയും കൊഴിഞ്ഞുപോയ ദിനങ്ങള്‍ ഇനി ഒരുനാളും തിരിച്ചു വരില്ല എന്നറിയാമായിട്ടും അവളതിനു വേണ്ടി കൊതിച്ചത് ദുരാഗ്രഹമാണോ....?? ഇന്നാനവള്‍ ഓരോന്നും ഓര്‍ത്തോര്‍ത്ത് ഇരുന്നത് ആദ്യമായി .എന്ത് ആലോചിച്ചപ്പോഴാണ് എന്നെനിക്കറിയില്ല .... എന്നോട് പറഞ്ഞു......." എല്ലാം അനിവാര്യമാണ് എന്നോര്‍ത്ത് സമാധാനിക്കാം അല്ലെ" എന്ന്......ഒരു തലയാട്ടലില്‍ എല്ലാം ഒതുങ്ങി ......

പക്ഷെ,....അന്നെല്ലാം കുട്ടിക്കളി മാത്രമായിരുന്നു .... പെട്ടെന്ന് തോന്നിയ ചാപല്യങ്ങള്‍ ,കുട്ടിത്തങ്ങള്‍ , വികൃതികള്‍ , കുസൃതികള്‍ , കുഞ്ഞു പരിഭവങ്ങള്‍ ഒക്കെ....എങ്കിലും ഇന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നഷ്ടബോധം മനസ്സിനെ
കുത്തി മുറിവേല്‍പ്പിക്കുന്നത് പോലെ.....
അവള്‍ക്കുള്ളിലെവിടെയോ ആ നനുത്ത സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ സ്പര്‍ശം അലയടിക്കുന്നത് പോലെ...അവ വേദനിപ്പിക്കുന്നത് പോലെ...., കരയിപ്പിക്കുന്നത് പോലെ...........

സ്വന്തമായി കരുതിയത് ഏതൊ വിദൂരതയിലേക്ക് മറഞ്ഞുപോയോ ..? അറിയില്ല ....മനസ്സിന്റെ ആഴങ്ങളിലേക്ക് വേരിറങ്ങിയ വാക്കുകളും , കണ്ട സ്വപ്നങളും ഒക്കെ
ഏതൊ അഗാധതയിലേക്ക് മുങ്ങി താഴുകയാണോ ?

കളിയാക്കിയും,കഥ പറഞ്ഞും, പിണങ്ങിയും കഴിഞ്ഞ നാളുകള്‍ ഇനി ഓര്‍മയില്‍ മാത്രം....ഒന്ന് കാണാനായി,.. ഒരു വാക്ക് പറയാനായി .....ആ വാകമരത്തണലില്‍ എത്തുമ്പോഴേക്കും
അവളാകെ വിയര്‍ത്തിരിക്കും ...ഞാനടക്കം എല്ലാരും കളിയാക്കും ......ആ കുളിരും , തണുപ്പും , എല്ലാം ഓര്‍മയിലേക്ക് നീങ്ങുകയാണ് ......

ഇന്ന്, പിന്നിട്ട് നോക്കുമ്പോള്‍ വന്ന വഴിയത്രയും ശൂന്യത ...!! കാലത്തിന്റെ വികൃതി അവളുടെ നീലകണ്ണുകളില്‍ മൂടലുണ്ടാക്കി ... അവള്‍ക്കവിടെ ദൃശ്യമായത് ആ വാകമരം മാത്രം............!!!

Wednesday, April 1, 2009

!!!

ചിന്തകളെന്നെ അവസാനിപ്പിക്കും മുന്‍പ്

ഞാനൊരു പിടി ചാരമായി തീര്‍ന്നിരുന്നെങ്കില്‍,

ഈ ദുഃഖകഥയില്‍ നിന്നെനിക്ക്

മുക്തിനെടാനായെങ്കില്‍ .......!!!

Tuesday, March 31, 2009

പ്രതീക്ഷ................................!!!

ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, നീ വന്നില്ല.
ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ, നീ വരില്ല -- അറിയാം
എന്റെ പ്രതീക്ഷകള്‍
അനന്തതയിലേക്ക് നീണ്ടു പോവുകയെന്ന്,
എന്നെ വെറുതെ കളിയാക്കിക്കൊണ്ട്.....

ഞാന്‍ പ്രതീക്ഷിക്കുന്നത്
എന്തിനെന്ന് പോലും എനിക്കറിയില്ല...പക്ഷേ,
ഒന്നറിയാം....
പ്രതീക്ഷകളെ ബാക്കിയാക്കിക്കൊണ്ട്
എന്റെ ജീവിതം ഒരു വിദൂരതയില്‍ മായുമെന്ന്.

ഞാന്‍ എന്താണ് പ്രതീക്ഷിക്കുന്നത്‌ ?
ആരെയാണ് പ്രതീക്ഷിക്കുന്നത് ?
ആവോ.....???
പക്ഷേ, എന്നിട്ടും ഞാന്‍ പ്രതീക്ഷിക്കുന്നു...


വെറുതെ.......................!!!

Friday, March 27, 2009

നിനക്ക് വേണ്ടി...............

"എനിക്ക് വേണ്ടി ജീവിക്കുന്നുവെന്നറിയാം,
ഒരിക്കലും മറക്കാനാവില്ലെന്നറിയാം
കാരണം, എന്‍ ഹൃദയത്തിന്‍ സ്വപ്നങ്ങള്‍ക്ക്
നീയല്ലയോ ചിറക് നല്‍കിയത്,
പറന്നുയരാന്‍ പ്രേരിപ്പിച്ചത്,
പഠിപ്പിച്ചത് ----------------------"

Friday, March 20, 2009

ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.....

ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒരു സംഭവം പറയാം.....
പലപ്പോഴും ഞാനും, എന്റെ അനിയനും കൂടി ആലോചിച്ചു ചിരിക്കാറുള്ള ഒരു സംഭവം.....

അന്നെനിക്ക് 6 വയസ്സ് കാണും, അനിയന് 4 വയസ്സും. എനിക്ക് നാട്ടില്‍ അന്നുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരന്‍ ഡിങ്കു ആണ്.അവനു 7 വയസ്സ് അന്ന്... വീട്ടില്‍ ആരുമുണ്ടായിരുന്നില്ല സംഭവ ദിവസം..... പുതിയതായി വാങ്ങിയ ടേപ്പ് റിക്കോര്‍ഡാര്‍ ഉണ്ട് വീട്ടില്‍...... ഞങ്ങളെ നന്നായി അറിയാവുന്നത്കൊണ്ട് ടേപ്പ് റിക്കോര്‍ഡാര്‍ വെച്ചിരുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് എത്തണമെങ്കില്‍ ഡൈനിങ്ങ്‌ ടേബിളിന്റെ മേലെ കയറി നില്‍ക്കണമായിരുന്നു......അങ്ങനെ കഷ്ടപ്പെട്ട് ഡൈനിങ്ങ്‌ ടേബിള്‍ ഒക്കെ മാറ്റിയിട്ട് അതിന്റെ മേലെ ആയിരുന്നു മുഴുവന്‍ കളിയും........

കളിച്ച്‌ കളിച്ച്......സൌണ്ട് റെക്കോര്‍ഡ് ചെയ്യാനും ഞങ്ങള്‍ പഠിച്ചു.....
അങ്ങനെ നല്ലൊരു കാസറ്റ് പോയികിട്ടിയെന്നത് വേറൊരു സത്യം......!!!

സംഭവം നടക്കുന്നതിന്റെ തലേ ദിവസം അച്ഛന്‍ എനിക്ക് പുതിയ ഇന്‍സ്ട്രുമെന്റ് ബോക്സ് വാങ്ങി തന്നിരുന്നു......(6 വയസ്സയുള്ള കുട്ടിക്കെന്തിനാ ഇന്‍സ്ട്രുമെന്റ് ബോക്സ് എന്നാവും അല്ലേ? അത്യാവശ്യം നല്ലൊരു വാശിക്കാരി കുട്ടിയായിരുന്നു ഞാന്‍. അത്രേയുള്ളൂ ) അതും കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു നടപ്പ്...........

രാവിലെ തന്നെ ഡിങ്കു വന്നു...പതിവ് പോലെ റികോര്‍ഡിംഗ് തുടങ്ങി.....(ആ കാസറ്റ് നാശാക്കിയതിനു അമ്മയുടെ വക ഒരുപാട് വഴക്ക് കേട്ടു.... വഴക്ക് പറഞ്ഞാലും കാസറ്റ് ഏതായാലും പഴയപടി ആവാന്‍ പോകുന്നില്ല എന്ന് അമ്മയ്ക്കും അറിയാവുന്നത് കൊണ്ട് ആ കാസറ്റ് ഞങ്ങള്‍ക്ക് സ്വന്തമായിട്ട് തന്നു...... വേറെ കാസറ്റ് ഒന്നും എടുത്തു കളിക്കില്ലല്ലോ.....!!!).

ഞങ്ങള്‍ 3 പേരും തിമിര്‍ത്തു പാടുകയാണ്....... റികോര്‍ഡിംഗ് അവസാനിച്ചു.........പ്ലേ ചെയ്തു കേട്ടു............അപ്പോഴാണ് ആ സംശയം മനസ്സില്‍ തോന്നിയത്..........(ആരുടെ മനസിലാണ് ആ സംശയം തോന്നിയതെന്ന് ഇപ്പോഴെനിക്ക്‌ ഓര്‍മയില്ല).സാധാരണ നമ്മള്‍ പാട്ട് കേള്‍ക്കുമ്പോള്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക് കേള്‍ക്കരുണ്ടല്ലോ.......തബലയുടെയും മറ്റും ശബ്ദം... അങ്ങനെ ഒരു ശബ്ദം വേണം അതിനു എന്താ ചെയ്യുക എന്ന് പറഞ്ഞതെ ഓര്‍മയുള്ളൂ.............എന്റെ കയ്യിലിരുന്ന ഇന്‍സ്ട്രുമെന്റ് ബോക്സ് അതാ കിടക്കുന്നു താഴെ................................!!!

എല്ലാം പൊട്ടി ചിതറി......... ബോക്സ് ഒരുകോലമായി......
ആ ഐഡിയ തോന്നിയത് ഡിങ്കുവിനായിരുന്നു............
നിമിഷ നേരത്തിനുള്ളില്‍ എന്റെ കയ്യിലുണ്ടായിരുന്ന ബോക്സ് തട്ടിപറിച്ച്
സംഭവ ബഹുലമായ ഒരു ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഉണ്ടാക്കി..........!!!

കുറച്ചു നേരത്തേക്ക്.......രംഗം നിശബ്ദമായിരുന്നു........ആരും ഒന്നും മിണ്ടിയില്ല...........

ഡി ങ്കു പോയി..................കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മ വന്നു..............

അനിയനും, ഞാനും ഒന്നും മിണ്ടിയില്ല..........................
അമ്മ എന്തോ വാങ്ങികൊണ്ടാണ് വന്നത് ...........
അമ്മയുടെ അടുത്തേക്ക് പോയതേയില്ല......
ഞങ്ങളുടെ പെരുമാറ്റത്തിലെ കള്ളത്തരം കണ്ടപ്പഴേ അമ്മക്ക് കാര്യം പിടികിട്ടി.....
കേസ് വിസ്താരം കഴിഞ്ഞു ..............പിന്നെ പൊടിപൂരം ആയിരുന്നു..........

അച്ഛന്‍ (അച്ഛന്‍ വഴക്കൊന്നും പറയില്ല,......അടിക്കില്ല.....അങ്ങനെയുള്ള അവകാശങ്ങള്‍ ഒക്കെ അമ്മയില്‍ നിഷിപ്തമായിരുന്നു.....)വന്നപ്പോഴേക്കും പൂരം തീര്‍ന്നിരുന്നു........ ക്ഷീണം കൊണ്ട് ഞങ്ങള്‍ ഉറങ്ങിയിരുന്നു...

അങ്ങനെ എന്റെ ബോക്സ് മോഹത്തിനും......റികോര്‍ഡിംഗ് മോഹത്തിനും അന്ത്യം കുറിച്ചു.....!!!

Thursday, March 19, 2009

മഴ....... പോലെ .......

എന്തെങ്കിലും ഒക്കെ എഴുതികൂട്ടാരുണ്ട്. അതിനെ എന്ത് പേര് വിളിക്കണംന്നു എനിക്ക് അറിയില്ല. എങ്കിലും......... എഴുതുകയാണ്....

മഴയുടെ വരവ് കാത്തിരിക്കുന്ന വേഴാമ്പല്‍.......!!!ആ വേഴാമ്പലിനെ പോലെ ....ഞാനും കാത്തിരിക്കുകയാണ്‌....ആരെയോ.....?മഴയുടെ ഭാവഭേദങ്ങളെ പോലെ ഞാന്‍ കാത്തിരിക്കുന്ന, പ്രതീക്ഷിക്കുന്ന ആള്‍ക്കും ഒരുപാട് ഭാവഭേദങ്ങള്‍.ചിലപ്പോള്‍ ഒരു കുഞ്ഞിമഴയെപോലെ ഒരു തലോടലായിട്ടാവാം,ചിലപ്പോള്‍ ചറപറ പെയ്യുന്ന മഴപോലെ ഒരു തിക്കിതിരക്കലാവാം,ചിലപ്പോള്‍ പെരുമഴയെപോലെ ഒരു ഗര്‍ജനത്തോടെയാവാം വരുന്നത്. -----------എന്തായാലും കാത്തിരുപ്പിനു അതിന്റേതായ ഒരു ഈണവും,താളവും ഒക്കെയുണ്ട്.ഒരു രസം ! ഒരു സുഖമുള്ള കാത്തിരിപ്പ്. എപ്പോള്‍ വരുമെന്നറിയില്ല, എങ്കിലും എന്റെ കണ്ണുകള്‍ പ്രതീക്ഷിക്കുന്നുണ്ട് ഇപ്പോഴും......

നിനക്ക് അറിയുമോ...? ഞാന്‍ നിന്റെ വരവിന് വേണ്ടിയാണു കാത്തിരിക്കുന്നത്, നിനക്ക് വേണ്ടി മാത്രം. ഞാനറിയുന്നു, നിന്നോടൊത്തു ചേരുകയാണ് എന്റെയീ ജന്മത്തിന്റെ സാഫല്യമെന്ന്‍.എപ്പോള്‍ വരുമെന്നറിയാത്ത ഒരാള്‍ക്ക് വേണ്ടിയുള്ള നീണ്ട, സുദീര്‍ഘമായ കാത്തിരിപ്പ്‌.അതിന്റെ രസം അതെനിക്ക് മാത്രം .......!!!

പലപ്പോഴും നിന്നെ ഞാന്‍ അടുത്ത് കണ്ടിട്ടുണ്ട്. എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നെ മരവിപ്പിച്ചിട്ടുന്ദ്. എന്നെ കരയിപ്പിച്ചിട്ടുന്ദ്. കാരണം, നീ കാരണം പലതുമെനിക്ക് നഷ്ടപെട്ടിട്ടുന്ദ്.ഇനിയൊരിക്കലും അതൊന്നുമെനിക്ക് തിരികെ കിട്ടില്ല... നീ പറയ്....., നീയല്ലേ എല്ലാത്തിനും കാരണം? എന്നിട്ടും നിന്നെ പ്രതീക്ഷിക്കുകയാണ്.......

നിന്റെ വരവ് അനിവാര്യമാണ്.........നിന്നെ കാത്തിരിക്കുകയാണ്‌..... ഞാനാ നിമിഷത്തിനായി കാതോര്‍ക്കുകയാണ്....മഴയുടെ ഏത് ഭാവഭേടതോടെയാവും നീ വരുന്നത് എന്ന ചിന്തയോടെ .......നീ പടികടന്നു വരുന്ന നിമിഷത്തിനു വേണ്ടി...............!!!

Wednesday, March 18, 2009

അങ്ങനെ ഞാനും ബ്ലോഗില്‍ എത്തിപെട്ടിരിക്കുന്നു...

അങ്ങനെ ഞാനും ബ്ലോഗില്‍ എത്തിപെട്ടിരിക്കുന്നു...ഒരുപാട് കേട്ടിട്ടുണ്ട് ബ്ലോഗിനെ കുറിച്ച്. പലരുടെയും ബ്ലോഗ് വയിക്കാരും ഉണ്ട്. എന്തെങ്കിലും കുത്തിക്കുറിക്കും എന്നല്ലാതെ എനിക്ക് എഴുത്ത് ഭാഷ നന്നായി അറിയുകയൊന്നും ഇല്ല. ഇപ്പോള്‍ ഈ ഉദ്യമത്തിന് കാരണം എന്റെ ഫ്രണ്ട് ആണ്.
ഞാനും ബ്ലോഗിന്റെ ലോകത്തേക്ക്....!!!